2009, ഡിസംബർ 19, ശനിയാഴ്‌ച

അന്താരാഷ്ട്ര നാടകോത്സവത്തിന് നാളെ തിരശ്ശീല ഉയരും

തൃശ്ശൂര്‍:ആഫ്രിക്കന്‍ നാടകങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ച് ആഫ്രോ-ഏഷ്യന്‍ തീയേറ്റര്‍ പനോരമയായി ഉയര്‍ത്തിയ രണ്ടാം അന്താരാഷ്ട്ര നാടകോത്സവത്തിന് ഡിസംബര്‍ 20ന് തിരശ്ശീല ഉയരും. കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍, 29 വരെ നീളുന്ന നാടകോത്സവം അരങ്ങേറുന്നത് അക്കാദമി ആസ്ഥാനത്തിനു സമീപം പുതുതായി നിര്‍മിച്ച മുരളി ഓപ്പണ്‍ എയര്‍ തീയേറ്ററിലാണ്.20ന് വൈകീട്ട് 4ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കേളികൊട്ടോടെയാണ് മേളയ്ക്ക് തുടക്കം. തുടര്‍ന്ന് 5ന് നടന്‍ നസറുദ്ദീന്‍ഷാ ഉദ്ഘാടനം ചെയ്യുമെന്ന് അക്കാദമി ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് കെ.എം. രാഘവന്‍ നമ്പ്യാര്‍, സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഭിലാഷ് പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓപ്പണ്‍ എയര്‍ തീയേറ്റര്‍ മന്ത്രി എം.എ. ബേബിയും ഉദ്ഘാടനം ചെയ്യും.

പി. ബാലചന്ദ്രന്‍ നടന്‍ മുരളിയെ അനുസ്മരിക്കും. മന്ത്രി ജോസ് തെറ്റയില്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. ഗുജറാത്തിലെ ജഗാദിയ ഗ്രാമത്തിലെ സിദ്ധിഗോമാ ഗ്രൂപ്പിന്റെ നൃത്തസംഗീതരൂപവും അരങ്ങേറും. തുടര്‍ന്ന് ഹെര്‍മന്‍ വൗക്കിന്റെ 'കെയിന്‍മ്യൂട്ട്‌നി കോര്‍ട്ട് മാര്‍ഷല്‍' ഉദ്ഘാടന നാടകമായി അരങ്ങിലെത്തും. നസറുദ്ദീന്‍ഷാ സംവിധാനം ചെയ്ത ഈ നാടകം അവതരിപ്പിക്കുന്നത് മുംബൈ മോട്ട്‌ലി തീയേറ്ററാണ്.

21ന് മാര്‍ക്ക് ഫ്‌ളീഷ്മാന്‍ സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ നാടകം എവരി ഇയര്‍ എവരി ഡേ ആം വോക്കിങ് മാഗ്‌നറ്റ് തീയറ്റര്‍ അവതരിപ്പിക്കും. 22ന് 6ന് ക്രിസ്റ്റഫര്‍ വെയര്‍ സംവിധാനം ചെയ്ത നര്‍മരസ പ്രധാനമായ 'മാക്ക്‌ബെക്കി'യും 7.30ന് ശങ്കര്‍ വെങ്കിടേശ്വരന്‍ സംവിധാനം ചെയ്ത 'സഹ്യന്റെ മകനും' അരങ്ങേറും. യഥാക്രമം 23നും 24നും 7ന് കെനിയന്‍ സംസ്‌കാരത്തെ തൊട്ടറിഞ്ഞ സംവിധായകന്‍ കീത്ത്‌പേഴ്‌സന്റെ ഗിഥയും സൗദികിംയയും അവതരിപ്പിക്കും. ദി തീയേറ്റര്‍ കമ്പനിയാണ് രണ്ടു നാടകങ്ങളും ഒരുക്കിയിരിക്കുന്നത്. 25ന് 7ന് സുവീരന്‍ സംവിധാനം ചെയ്ത 'ആയുസ്സിന്റെ പുസ്തകം', 26ന് ഉര്‍ദ്ദു എഴുത്തുകാരന്‍ ഗുലാം അബ്ബാസിന്റെ ചെറുകഥയായ ധനികനെ ആസ്​പദമാക്കി രചിച്ച 'ഹോട്ടല്‍ മോഹന്‍ജദാരോ' എന്നിവ സ്റ്റേജിലെത്തും. പാകിസ്താന്‍ സംവിധായകന്‍ ഷാഹിദ്‌നദീമിന്റെതാണ് 'മോഹന്‍ ജദാരോ. 27ന് എം.ജി. ജ്യോതിഷ് സംവിധാനം ചെയ്ത 'സിദ്ധാര്‍ത്ഥ' 28ന് സി.എസ്.ദീപന്‍ സംവിധാനം ചെയ്ത സൈ്പനല്‍കോഡ് ഷാഹിദ്‌നദീം സംവിധാനം ചെയ്ത 'ബുര്‍ക്കാവാഗ്വന്‍സ' എന്നിവ അരങ്ങേറും. സമാപനദിനമായ 29ന് 7ന് ഹെന്റിക്ക് ഇബ്‌സന്റെ നാടകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രത്തന്‍ തിയ്യം സംവിധാനം ചെയ്ത 'വെന്‍ വി ഡെഡ് എവേക്കന്‍' സ്റ്റേജിലെത്തും.

മലയാള നാടകങ്ങളില്‍ നരസിംഹാവതാരം, അതെന്താ, കാരണവരുടെ അധികാരം, ദി സയലന്‍സ്, ബസ്തുകര, കാക്കരിശ്ശി, താഴ്‌വരയിലെ പാട്ട്, അതിര്‍ത്തികള്‍, ഭരതവാക്യം, കാറല്‍മാന്‍ ചരിതം (ചവിട്ടുനാടകം), ബാബുരാജ് -പാടുക പാട്ടുകാരാ, പന്തമേന്തിയ പെണ്ണുങ്ങള്‍, ചക്കീസ് ചങ്കരന്‍, പച്ച എന്നിവയാണുള്ളത്. 21 മുതല്‍ 29 വരെ രാവിലെ 11 മുതല്‍ 1 വരെ സെമിനാറും ഉണ്ടായിരിക്കും.

കടപ്പാട് : മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ